ജനക്കൂട്ടം ചുറ്റിലുമുണ്ടാവുമ്പോൾ തനിക്ക് ഉത്കണ്ഠ കൂടും; തനിക്ക് സഭാ കമ്പമുണ്ടെന്ന് സായ് പല്ലവി

തനിക്ക് സഭാ കമ്പമുണ്ടെന്ന് തുറന്നു പറഞ്ഞ് നടി സായ് പല്ലവി. ജനക്കൂട്ടം ചുറ്റിലുമുണ്ടാവുമ്പോൾ തനിക്ക് ഉത്കണ്ഠ കൂടുമെന്ന് നടി പറഞ്ഞു. ആളുകൾ പ്രശംസിക്കുമ്പോഴും സമാനമായ മാനസികാവസ്ഥയാണ് തനിക്കുണ്ടാവാറുള്ളതെന്നും താരം വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ പരാമർശം.

പേടിയുള്ള ആളാണ് താൻ. മുന്നിൽ കുറേ ആളുകളെ കാണുമ്പോൾ ടെൻഷൻ കൂടും. അത് ഷൂട്ടിങ് സെറ്റിലായാലും അങ്ങനെ തന്നെ. ജനക്കൂട്ടം ചുറ്റിലുമുണ്ടാവുമ്പോൾ ഉത്കണ്ഠ കൂടും. അതിപ്പോൾ ആളുകൾ പ്രശംസിക്കുമ്പോഴും അങ്ങനെ തന്നെയാണ്. അവർ തന്നെ പ്രശംസിക്കുമ്പോൾ താൻ ഉള്ളിൽ വൺ, ടൂ, ത്രീ എന്നിങ്ങനെ എണ്ണിക്കൊണ്ടിരിക്കുകയായിരിക്കുമെന്ന് താരം പറഞ്ഞു.

പ്രേമം പുറത്തിറങ്ങി പത്ത് വർഷം കഴിഞ്ഞിട്ടും മലയാളി പ്രേക്ഷകർ തന്നെ ഇപ്പോഴും മലർ എന്നാണ് വിളിക്കുന്നത്. ആളുകളുടെ സ്നേഹം ഇപ്പോഴും അതുപോലെ തുടരുകയാണ്. പ്രേമം സിനിമ എനിക്ക് പുതിയ യാത്രയുടെ തുടക്കമാണ്.വചെയ്ത സിനിമകളിലെ ഏറ്റവും ഇഷ്ടമുള്ളത് മലരേ എന്ന പാട്ടാണ്. കാറിൽ പോകുമ്പോഴാണ് ആദ്യമായി ആ പാട്ട് കേൾക്കുന്നത്. ആദ്യത്തെ രണ്ട് ലൈൻ കേട്ടപ്പോൾ അത് ആ ക്യാരക്ടറിനുള്ള പാട്ടായിരിക്കണേ എന്ന് ആഗ്രഹിച്ചിരുന്നു. പിന്നീടാണ് മലരേ.. എന്ന ലൈൻ തുടങ്ങുന്നത്. അത് കേട്ടപ്പോൾ ആകെ സർപ്രൈസ് ആയെന്നും താരം കൂട്ടിച്ചേർത്തു.