ഹോക്കി താരം പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ ആവേശോജ്വല സ്വീകരണം; 2 കോടി രൂപ മുഖ്യമന്ത്രി കൈമാറി

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സിൽ വെങ്കലനേട്ടം ആവർത്തിച്ച ഇന്ത്യൻ ഹോക്കി താരം പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ ആവേശോജ്വല സ്വീകരണം. തിരുവനന്തപുരം വെള്ളയമ്പലത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സ്വീകരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ഹോക്കിയുടെ തിരിച്ചുവരവിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് പി ആർ ശ്രീജേഷെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടീം പ്രതിസന്ധിയിലായ അവസരങ്ങളിൽ ഗംഭീര പ്രകടനങ്ങളിലൂടെ ടീമിനെ വിജയിപ്പിക്കാനും സഹതാരങ്ങൾക്ക് പ്രചോദനമാകാനും ശ്രീജേഷന് കഴിഞ്ഞു. ഈ മികവ് കൊണ്ടാണ് 18 വർഷം ദേശീയ ടീമിൽ പ്രധാന കളിക്കാരനായി നിലനിൽക്കാൻ അദ്ദേഹത്തിന് സാധിച്ചത്. ഇന്ത്യൻ ഹോക്കിയിലെ എക്കാലത്തെയും മികച്ച ഗോൾ കീപ്പറാണ് ശ്രീജേഷെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിമാരും ജനപ്രതിനിധികളും അന്താരാഷ്ട്ര താരങ്ങളും ഉൾപ്പെടെ കായികരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സർക്കാർ പ്രഖ്യാപിച്ച 2 കോടി രൂപയുടെ പാരിതോഷികവും ശ്രീജേഷിന് ചടങ്ങിൽ സമ്മാനിച്ചു.

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ അഞ്ച് കായിക താരങ്ങൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌പോർട്സ് ഓർഗനൈസറായുള്ള നിയമന ഉത്തരവും ചടങ്ങിൽ കൈമാറി.

പി ആർ ശ്രീജേഷിനെ കൂടാതെ പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത രാധാകൃഷ്ണൻ നായർ( അത്ലറ്റിക്‌സ് ചീഫ് കോച്ച്), മുഹമ്മദ് അനസ്(4×400), മുഹമ്മദ് അജ്മൽ(4×400), അബ്ദുള്ള അബൂബക്കർ(ട്രിപ്പിൾ ജമ്പ്), എച്ച് എസ് പ്രണോയി (ബാഡ്മിന്റൺ) എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

വൈകുന്നേരം മൂന്നരയോടെ മാനവീയം വീഥിയിൽ നിന്നും തുറന്ന ജീപ്പിൽ ഘോഷയാത്രയായിട്ടാണ് ശ്രീജേഷിനെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്.

രണ്ടായിരത്തോളം വരുന്ന കായികതാരങ്ങളും സ്‌കൂൾ- കോളേജ് വിദ്യാർത്ഥികളും റോളർ സ്‌കേറ്റിംഗ് എന്നിവയും പഞ്ചാരിമേളം ബാൻഡ് സെറ്റ് എന്നിവയും ഘോഷയാത്രയുടെ ഭാഗമായി.