തിരുവനന്തപുരം: ജില്ലാ കലക്ടറുടെ ഇന്റർവ്യൂ അറിയിപ്പ് യഥാസമയം ഉദ്യോഗാർത്ഥിക്ക് നൽകുന്നതിൽ വീഴ്ച വരുത്തിയ പോസ്റ്റൽ വകുപ്പിനോട് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. ശാരീരിക പരിമിതികളുള്ള പുൽപ്പറ്റ ചെറുതൊടിയിൽ അജിത് നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. റവന്യൂ വകുപ്പിൽ സർവ്വേയർ തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം സംബന്ധിച്ച അറിയിപ്പാണ് പരാതിക്കാരന് ലഭിക്കാതെ പോയത്. 2024 ഫെബ്രുവരി 14 ന് നടത്തിയ അഭിമുഖത്തിനുള്ള കത്ത് ഫെബ്രുവരി 16 ന് മാത്രമാണ് പരാതിക്കാരന് ലഭിച്ചത്. ഫെബ്രുവരി ആറിന് സിവിൽ സ്റ്റേഷൻ പോസ്റ്റോഫീസ് മുഖേന അയച്ച അറിയിപ്പ് ഫെബ്രുവരി ഏഴിന് തന്നെ കരുവമ്പ്രം പോസ്റ്റോഫീസിൽ എത്തിയിരുന്നു. എന്നാൽ ഫെബ്രുവരി 16 ന് മാത്രം അറിയിപ്പ് ലഭിച്ചതിനാൽ ഉദ്യോഗാർഥിക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാതെ പോവുകയും ജോലിക്കുള്ള അവസരം നഷ്ടമാവുകയും ചെയ്തു.
സംഭവസമയത്ത് പോസ്റ്റ് മാൻ ചുമതല നിർവഹിച്ചയാളുടെ വീഴ്ച കണ്ടെത്തിയതിനാൽ ജോലിയിൽ നിന്ന് പിരിച്ചു വിട്ടുവെന്നും വകുപ്പിന് നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്നുമുള്ള പോസ്റ്റൽ വകുപ്പിന്റെ വാദങ്ങൾ തള്ളിയാണ് കമ്മീഷൻ നഷ്ടപരിഹാരം വിധിച്ചത്. ശാരീരികമായ അവശതയുള്ളവരെ ചേർത്തു പിടിക്കാനുള്ള സാമൂഹ്യബാധ്യത കൂടിയാണ് പോസ്റ്റൽ വകുപ്പിന്റെ വീഴ്ച കാരണം നിർവ്വഹിക്കാതെ പോയതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഒരുലക്ഷം രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും ഒരു മാസത്തിനകം പരാതിക്കാരന് പോസ്റ്റൽ വകുപ്പും വീഴ്ചവരുത്തിയ ജീവനക്കാരനും ചേർന്ന് നൽകണമെന്നും അല്ലാത്ത പക്ഷം വിധി തീയതി മുതൽ 9% പലിശ നൽകണമെന്നും കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവിൽ പറഞ്ഞു.

