അമ്മ വരെ അംഗീകാരം നൽകിയ ബന്ധം; ഇമ്രാൻ ഖാൻ-രേഖ പ്രണയത്തിൽ സംഭവിച്ചതെന്ത്?

സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള പ്രണയബന്ധങ്ങൾ എക്കാലത്തും ചർച്ച ചെയ്യപ്പെടാറുണ്ട്. അത്തരത്തിൽ ആരാധകർക്കിടയിൽ ചർച്ചാ വിഷയമായ ഒരു പ്രണയ ബന്ധമായിരുന്നു മുൻ പാകിസ്താൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാൻ ഖാനും ബോളിവുഡ് നടി രേഖയും തമ്മിൽ ഉണ്ടായിരുന്നത്.

ഇമ്രാൻ ഖാൻ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന കാലത്തായിരുന്നു ആ പ്രണയം. ആ കാലത്ത് പലരുമായും ഇമ്രാന്റെ പേര് പറഞ്ഞു കേട്ടിരുന്നുവെങ്കിലും ഏറ്റവും ഹിറ്റായത് രേഖയുമായുള്ള കഥകളായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഈ ബന്ധത്തിന് രേഖയുടെ അമ്മ വരെ അംഗീകാരം നൽകിയിരുന്നുവെന്നുമാണ് പുറത്തു വന്നിരുന്ന വാർത്തകൾ. വിവാഹത്തിന് വേണ്ടി ഒരു ജോത്സ്യനെ പോലും ഇവർ കണ്ടിരുന്നുവെന്ന തരത്തിലും വാർത്തകളുണ്ടായിരുന്നു.

ഇമ്രാൻഖാൻ ഇന്ത്യയിൽ വരികയും രേഖയോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ ബന്ധം തകർന്നു. രേഖയുടെ സൗഹൃദം താൻ ആസ്വദിച്ചിരുന്നുവെന്നും എന്നാൽ ഒരു നടിയെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ലെന്നും പിന്നീട് ഇമ്രാൻ ഖാൻ വെളിപ്പെടുത്തിയിരുന്നു.