പ്രഥമ സജീവ അംഗമെന്ന നിലയിൽ അംഗത്വം പുതുക്കി പ്രധാനമന്ത്രി; സന്തോഷമുണ്ടെന്ന് പ്രതികരണം

ന്യൂഡൽഹി: ബിജെപി പ്രഥമ സജീവ അംഗമെന്ന നിലയിൽ അംഗത്വം പുതുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രധാനമന്ത്രി സജീവ അംഗത്വം പുതുക്കിയത്. വികസിത ഭാരതമെന്ന ബിജെപിയുടെ ലക്ഷ്യത്തിന് ഇത് ആക്കം കൂട്ടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജെ പി നദ്ദയുടെ സാന്നിധ്യത്തിൽ അംഗത്വം പുതുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമസഭാ മണ്ഡലത്തിലോ ബൂത്തിലോ 50 അംഗങ്ങളെ ചേർക്കുന്നവർക്കാണ് സജീവ അംഗത്വം ലഭിക്കുക. മണ്ഡലം കമ്മിറ്റികളിലേക്കും അതിന് മുകളിലുളള പാർട്ടി സമിതികളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇവർക്ക് മത്സരിക്കാൻ അർഹതയുണ്ടാകും.

സജീവ അംഗത്വം നേടിയവർക്ക് പാർട്ടിക്ക് വേണ്ടി കൂടുതൽ പ്രവർത്തിക്കാനുളള അവസരങ്ങളും ലഭിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.