ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു; സിനിമയിൽ ചെറിയൊരു ഇടവേള വേണ്ടിവന്നുവെന്ന് ദുൽഖർ

അഭിനയ മികവിനാൽ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ദുൽഖർ സൽമാൻ. തന്റെ ആരോഗ്യത്തെ കുറിച്ച് ദുൽഖർ ഒരു അഭിമുഖത്തിൽ സംസാരിച്ച കാര്യങ്ങൾ ഇപ്പോൾ ചർച്ചയാകുകയാണ്. സിനിമയിൽ നിന്നും താരം ചെറിയ ഒരു ഇടവേള എടുത്തിരുന്നു. ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോഴാണ് തന്റെ ആരോഗ്യത്തെപ്പറ്റി ദുൽഖർ തുറന്നു സംസാരിച്ചത്.

സിനിമയിൽ ചെറിയൊരു ഇടവേള വേണ്ടിവന്നുവെന്ന് ദുൽഖർ പറയുന്നു. അത് ആരുടെയും തെറ്റല്ല. ചില സിനിമകൾ മാറിപ്പോയി. മാത്രമല്ല തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ആകെ ഒരു സിനിമ മാത്രമാണ് ചെയ്യാനായത്. ഒരുപക്ഷേ അത് തന്റെ തെറ്റാവാം, താനെന്റെ ആരോഗ്യം ശ്രദ്ധിച്ചില്ലെന്ന് താരം വെളിപ്പെടുത്തി.

തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌കർ’ ആണ് ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ വർഷം ഓണം റിലീസായെത്തിയ കിങ് ഓഫ് കൊത്തക്ക് ശേഷം ദുൽഖറിൻറേതായി പുറത്തിറങ്ങുന്ന ചിത്രമാണിത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ലക്കി ഭാസ്‌കർ പ്രദർശനത്തിനെത്തുക. വെങ്കി അട്ടലൂരി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സിതാര എന്റർറ്റെയ്ൻമെന്റ്‌സാണ്. ഒക്ടോബർ 31നാണ് ചിത്രത്തിന്റെ റിലീസ്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.