നഷ്ടമായ 11 ഫോണുകൾ കണ്ടെത്തി ഒരുമിച്ച് ഉടമസ്ഥർക്ക് തിരികെ നൽകി പോലീസ്

തിരുവനന്തപുരം: നഷ്ടമായ 11 ഫോണുകൾ കണ്ടെത്തി ഒരുമിച്ച് ഉടമസ്ഥർക്ക് തിരികെ നൽകി തിരുവനന്തപുരം സിറ്റി ഫോർട്ട് പോലീസ്. ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഫോൺ നഷ്ടപ്പെടുന്നുവെന്ന പരാതികൾ കഴിഞ്ഞ മാസങ്ങളിൽ വളരെയധികം വർധിച്ചിരുന്നു. ഫോൺ നഷ്ടപ്പെട്ടെന്ന പരാതികൾ മിക്ക ദിവസവും വന്നുതുടങ്ങിയപ്പോൾ നഷ്ടപ്പെട്ട ഫോണുകൾ കണ്ടെത്താനായി ഫോർട്ട് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശിവകുമാർ വി. ആറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ നഷ്ടപ്പെട്ട 11 ഫോണുകൾ പോലീസ് കണ്ടെത്തിയത് ഉടമസ്ഥർക്ക് ഒരുമിച്ച് തിരികെ നൽകി. നഗരത്തിലെ തിരക്കേറിയ ഈസ്റ്റ് ഫോർട്ട്, പഴവങ്ങാടി ഭാഗങ്ങളിൽ നിന്നാണ് ഫോണുകൾ നഷ്ടമായത്. പരാതിക്കാർ കൂടുതലും തിരുവനന്തപുരം സ്വദേശികളും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും കൂലിപ്പണിക്കാരും ക്ഷേത്രദർശനത്തിനുവന്ന വീട്ടമ്മമാരുമൊക്കെ ആയിരുന്നു. നഷ്ടപ്പെട്ട മൊബൈൽ ഫോണുകളുടെ IMEI നമ്പർ ട്രാക്ക് ചെയ്താണ് കണ്ടെത്തിയത്.
തിരികെ ലഭിച്ച ഫോണുകൾക്ക് മൊത്തം രണ്ടു ലക്ഷത്തോളം രൂപ വില വരും. സെക്കന്റ് ഹാൻഡ് ഫോണായി വാങ്ങിയവരിൽനിന്നും മൊബൈൽഫോൺ കടകളിൽ നിന്നുമാണ് ഫോണുകൾ പോലീസ് കണ്ടെത്തിയത്.

എസ് ഐ ശ്രീജേഷ് എസ്. എഫ്., സി പി ഓമാരായ ശ്രീജിത്ത് ഐ. എസ്., പ്രവീൺ പി., വിഷ്ണു എം. എസ്. എന്നിവരടങ്ങിയ സംഘമാണ് ഫോണുകൾ കണ്ടെത്തിയത്.