മദ്രസകൾ അടച്ച് പൂട്ടുന്നത് അപകടകരം; ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

കൊല്ലം: രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തിൽ പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ. മദ്രസകൾ അടച്ച് പൂട്ടുന്നത് അപകടകരമെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്രസകളിൽ നിന്നാണ് കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതപഠനമാണ് നടക്കുന്നതെന്ന് പലരും മണ്ടത്തരം പറയും. സൺഡേ സ്‌കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതമല്ല ബൈബിളാണ്. പഠിപ്പിക്കേണ്ടത് എന്തും കുഞ്ഞു പ്രായത്തിൽ പഠിപ്പിക്കണം. മത പഠന ക്ലാസ് എന്ന വാക്ക് തെറ്റാണ്. അത് മാറ്റി എല്ലാ വിഭാഗങ്ങളും ആത്മീയ പഠനം എന്നാക്കണമെന്നും ഗണേഷ് കുമാർ അറിയിച്ചു. പത്തനാപുരത്ത് നടന്ന ഒസിവൈഎം രാജ്യാന്തര സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ദേശീയ ബാലാവകാശ കമ്മീഷൻ കത്തയച്ചു.

ബാലാവകാശ കമ്മീഷൻ മദ്രസകളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയത്. മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമർശനമാണ് കത്തിൽ ഉന്നയിക്കുന്നത്. മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടുവെന്നാണ് ബാലാവകാശ കമ്മീഷൻ വിലയിരുത്തുന്നത്.