തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല-മകരവിളക്ക് കാലത്ത് ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിന് വേണ്ടിയെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പൊലീസ്, ജില്ലാ ഭരണകൂടം എന്നിവർ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടയെന്നും മന്ത്രി വിശദമാക്കി.
ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ പ്രതിദിന എണ്ണം 80,000-ന് മുകളിൽ പോകാതെ ക്രമീകരിക്കേണ്ടത് സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിന് അനിവാര്യമാണ്. ഇതിനായി വെർച്വൽ ക്യൂ ബുക്കിംഗ് മാത്രം മതിയോ എന്നും സ്പോട്ട് ബുക്കിംഗ് അനുവദിക്കേണ്ടതുണ്ടോ എന്നും യോഗം വിശദമായി ചർച്ച ചെയ്യുകയുണ്ടായി. സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തിയാൽ പ്രതിദിന തീർത്ഥാടകരുടെ എണ്ണം 80,000 കവിഞ്ഞുപോകുന്നതാണ് മുൻകാലങ്ങളിൽ കാണുന്നത്. തിരക്ക് വർധിക്കുന്നത് തീർത്ഥാടകർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും തിരിക്ക് നിയന്ത്രിക്കുന്നതിനും മറ്റ് മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നതിനും പ്രതികൂലമായി ബാധിക്കുമെന്നും സുഗമമായ തീർത്ഥാടനത്തിന് തടസ്സം വരുത്തുമെന്നും യോഗം വിലയിരുത്തി. അതുകൊണ്ടു തന്നെ 2024-25 ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് വെർച്വൽ ക്യൂ ബുക്കിംഗ് വഴിമാത്രം തീർത്ഥാടകരെ അനുവദിക്കുന്നതാണ് സുഗമമായ തീർത്ഥാടനത്തിന് ഉചിതമെന്ന് വിലയിരുത്തി തീരുമാനമെടുത്തെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തീർത്ഥാടനകാലത്ത് ആദ്യഘട്ടത്തിൽ വെർച്ച്വൽ ക്യൂ വഴി 90000 പേർക്കും സ്പോട്ട് ബുക്കിങ്ങിൽ 10000 പേർക്ക് പ്രവേശനം നൽകിയിരുന്നു. രണ്ടാം ഘട്ടത്തിൽ 80000 വും 10000 വുമായി നിജപ്പെടുത്തി മൂന്നാം ഘട്ടത്തിൽ ഇത് 70000 വും 10000 മായി കുറച്ചിരുന്നു. ഈ അനുഭവംകൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ നടപടിയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

