ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരി കേസ്; റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും

കൊച്ചി: ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ കേസിലെ റിപ്പോർട്ടിലാണ് സിനിമാ താരങ്ങളുടെ പേര് ഉൾപ്പെട്ടിരിക്കുന്നത്. നടി പ്രയാഗ മാർട്ടിനും നടൻ ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്ന് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ട്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. ലഹരി വിൽപ്പന നടന്നുവെന്ന് കരുതുന്ന ഓം പ്രകാശിന്റെ മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ സെവൻ സ്റ്റാർ ഹോട്ടലിൽ നിന്നും ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിവസ്തുക്കൾ കൈവശം വെച്ചതിനാണ് അറസ്റ്റ്. താരങ്ങളെന്തിനെത്തി എന്ന് അറിയാൻ പ്രതികളായ ഷിഹാസിനെയും ഓം പ്രകാശിനെയും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു.