നടി സാമന്തയമായുള്ള തന്റെ വിവാഹമോചനത്തിന് പിന്നിൽ മുൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകനും ബി.ആർ എസ് നേതാവുമായ കെ.ടി രാമറാവുവിന് പങ്കുണ്ടെന്ന തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖയുടെ ആരോപണത്തിൽ പ്രതികരണവുമായി നടൻ നാഗചൈതന്യ. മന്ത്രിയുടെ പരാമർശങ്ങൾ അപഹാസ്യമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ തലക്കെട്ടുകൾക്കായി സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം മുതലെടുക്കുന്നതും ചൂഷണം ചെയ്യുന്നതും ലജ്ജാകരമാണ്. തങ്ങളുടെ വ്യത്യസ്തമായ ജീവിതലക്ഷ്യങ്ങൾ കാരണം പക്വതയുള്ള രണ്ട് പ്രായപൂർത്തിയായ വ്യക്തികൾ ബഹുമാനത്തോടെയും സമാധാനത്തോടെയും എടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും നാഗചൈതന്യ അറിയിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിവാഹമോചനം വളരേയധികം വേദന നിറഞ്ഞ തീരുമാനമായിരുന്നു. എന്റെ കുടുംബത്തോടും മുൻ ഭാര്യയോടുമുള്ള ബഹുമാനം മൂലമാണ് ഇതുവരെ ഒന്നും മിണ്ടാതിരുന്നത്. മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണം. രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സിനിമാ താരങ്ങളുടെ ജീവിതംകൊണ്ട് എതിരാളികളെ വിമർശിക്കരുതെന്നും നാഗചൈതന്യ കൂട്ടിച്ചേർത്തു.
വിവാദത്തിൽ സാമന്തയും പ്രതികരണം നടത്തിയിരുന്നു. വ്യക്തികളുടെ സ്വകാര്യതയേക്കുറിച്ച് ഉത്തരവാദിത്വബോധവും ബഹുമാനവും പുലർത്തണമെന്ന് സുരേഖയോട് അഭ്യർത്ഥിക്കുന്നതായി സാമന്ത പറഞ്ഞു. വിവാഹമോചനം സംബന്ധിച്ച തീരുമാനം പരസ്പരസമ്മതത്തോടെയും സൗഹാർദത്തോടെയും എടുത്തതാണ്. അതുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ ഗൂഢാലോചനയുമില്ല. രാഷ്ട്രീയ പോരിനായി തന്റെ പേര് ദയവായി ഉപയോഗിക്കരുത്. രാഷ്ട്രീയമില്ലാതെയാണ് താൻ എക്കാലവും നിലകൊണ്ടിട്ടുള്ളത്, ഇനിയും അങ്ങനെ തുടരാനാണ് ഇഷ്ടപ്പെടുന്നതെന്നും സാമന്ത അറിയിച്ചു.

