പ്രേക്ഷകരുടെ പ്രിയതാരമാണ് അരവിന്ദ് സാമി. തന്റെ ജീവിതത്തിൽ ആരോഗ്യപ്രശ്നത്തിലൂടെ കടന്നുപോയ കാലത്തേക്കുറിച്ച് അരവിന്ദ് സാമി പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നട്ടെല്ലിന് പരിക്ക് പറ്റി കിടപ്പിലായതിനേക്കുറിച്ചും സ്വന്തം കാര്യങ്ങൾ നിർവഹിക്കാനായി ബുദ്ധിമുട്ടിയതിനേക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
തനിക്ക് നട്ടെല്ലിന് ഒരു പരിക്ക് പറ്റിയിരുന്നു. തുടർന്ന് വർഷങ്ങളോളം കിടപ്പിലായിരുന്നു. കാലുകൾ പാതി തളർന്ന അവസ്ഥയിലായിൽ വളരെയധികം ദുരിതം നേരിട്ടു. കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നത് കഠിനമായ വേദന സഹിച്ചുകൊണ്ടായിരുന്നു. കുളിക്കാനായി നിൽക്കുക എന്നതുപോലും ഓർക്കാനാവില്ല. കുളിക്കുന്നതിനിടെ രണ്ട് മൂന്ന് വട്ടം ഇരുന്ന് വിശ്രമിച്ചാണ് കുളി പൂർത്തിയാക്കിയിരുന്നത്. കൈകാലുകൾക്ക് ചലനശേഷി നഷ്ടമാവുമ്പോൾ ആ അവസ്ഥ നിങ്ങൾക്ക് വേറിട്ട കാഴ്ച്ചപാടുകളാണ് നൽകുക. ഓടാനും ചാടാനും കഴിയുന്നത് വലിയൊരു കാര്യമായി നമുക്ക് തോന്നുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പതിമൂന്ന് വർഷത്തോളം താൻ സിനിമ മേഖലയിൽ നിന്ന് വിട്ടുനിന്നു. ഒരു തിരിച്ചുവരവിന് ആഗ്രഹിച്ചതുമില്ല. മണിരത്നം സാറാണ് വീണ്ടും ഒരവസരം നൽകിയത്. അലൈയ്പായുതേ, കടൽ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ശേഷം നിരവധി കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചു. നിങ്ങൾക്ക് ഇത് ചെയ്യാൻ പറ്റില്ലെന്ന് ആളുകൾ പറയുമ്പോൾ അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് ചെയ്ത് കാണിക്കണമെന്നും താരം കൂട്ടിച്ചേർത്തു.

