ചലച്ചിത്ര നടൻ മോഹൻരാജ് അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നടൻ മോഹൻരാജ് അന്തരിച്ചു. നടനും നിർമാതാവുമായ ദിനേശ് പണിക്കരാണ് മരണവിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. വിദേശത്തുള്ള മകൾ എത്തിയ ശേഷമാകും സംസ്‌കാരം നടക്കുക.

ഏറെ നാളായി മോഹൻരാജിന് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന്റെ ബുദ്ധിമുട്ടുകൾ അദ്ദേഹം അനുഭവിച്ചിരുന്നു.

കിരീടം എന്ന സിനിമയിൽ കീരിക്കാടൻ ജോസ് എന്ന വില്ലൻ വേഷത്തിലൂടെയാണ് മോഹൻരാജ് ജനശ്രദ്ധ നേടിയത്. പിന്നീട് പല സിനിമകളിലും വില്ലൻ വേഷത്തിലെത്തി. ചെങ്കോൽ, നരസിംഹം, ഹലോ, മായാവി, മാർക്ക് ആന്റണി, രജപുത്രൻ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അദ്ദേഹം വേഷമിട്ടു.