ചണ്ഡിഗഡ്: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ദേശസ്നേഹം തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ ജനങ്ങളിൽ ജാതിയുടെയും മതത്തിന്റെ വിദ്വേഷം കുത്തിവെക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ കോൺഗ്രസ് പരിഹരിച്ചില്ല. പകരം സ്വന്തം കുടുംബത്തെ മുൻപന്തിയിലെത്തിക്കാൻ ശ്രമിച്ചു. കോൺഗ്രസ് ഒരുപാട് പാപങ്ങൾ ചെയ്തു. എന്നാൽ ഇപ്പോഴും പുതിയ സർക്കാർ രൂപീകരിക്കാനാണ് അവർ ശ്രമിക്കുന്നത്. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ കോൺഗ്രസ് എതിർപ്പ് പ്രകടിപ്പിച്ചു. ജമ്മുകശ്മീരിൽ ഭരണഘടന പൂർണമായി നടപ്പിലാക്കാൻ അനുവദിച്ചില്ല. മുത്തലാഖ് എന്ന പ്രശ്നത്തിലേക്ക് ഇന്ത്യയിലെ സഹോദരിമാരെ തള്ളിവിടാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി
രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മുത്തലാഖിൽ നിന്നും സഹോദരിമാരെ സംരക്ഷിച്ചു. സ്ത്രീകളുടെ സുരക്ഷയ്ക്കാണ് ബിജെപി പ്രാധാന്യം നൽകുന്നതെന്നും ഇന്ത്യയിൽ കുടുംബ വാഴ്ച നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

