ഡൽഹിയിലെ സംഘ് പരിവാർ ഏമാന്മാരെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; വിമർശനവുമായി വിഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെയാണ് അദ്ദേഹത്തിന്റെ വിമർശനം. എന്ത് വിവരത്തിന്റ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം എന്ന് വ്യക്തമാക്കണമെന്ന് വിഡി സതീശൻ പറഞ്ഞു.

ഡൽഹിയിലെ സംഘ് പരിവാർ ഏമാന്മാരെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം. മുഖ്യമന്ത്രി നടത്തുന്നത് ആർഎസ്എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ്. സ്വർണ്ണക്കള്ളക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കുള്ളതാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം ഡൽഹിയിലെ സംഘ്പരിവാർ ഏമാൻമാരെ സന്തോഷിപ്പിക്കാനുള്ളതാണ്. നിയമസഭയ്ക്ക് അകത്തോ പുറത്തോ ഇതുവരെ പറയാത്ത കാര്യമാണ് ഡൽഹിയിൽ വെച്ച് ദേശീയ മാധ്യമത്തോട് മുഖ്യമന്ത്രി പറഞ്ഞത്. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ദേശവിരുദ്ധ പ്രർത്തനങ്ങൾക്ക് സ്വർണക്കടത്തിലൂടെ പണം ലഭിച്ചെങ്കിൽ അവർക്കെതിരെ എന്ത് നടപടിയാണ് സംസ്ഥാന സർക്കാരും പൊലീസും സ്വീകരിച്ചതെന്നും പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രി പറയുന്നത് ശരിയെങ്കിൽ അത് ഗൗരവ സ്വഭാവമുള്ളതാണ്. അങ്ങനെയെങ്കിൽ ഇത്രനാളും ഇക്കാര്യം മറച്ചുവച്ചതെന്തിനാണ്. ആർഎസ്എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനുള്ള പരിചയായി മാത്രമെ മുഖ്യമന്ത്രിയുടെ പരാമർശത്തെ കാണാനാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.