അഹമ്മദാബാദ്: കോടികളുടെ വ്യാജനോട്ട് പിടിച്ചെടുത്ത് അധികൃതർ. ഗുജറാത്തിലാണ് കോടികളുടെ വ്യാജനോട്ട് പിടിച്ചെടുത്തത്. മഹാത്മ ഗാന്ധിക്ക് പകരം നടൻ അനുപം ഖേറിന്റെ ചിത്രം പ്രിന്റ് ചെയ്ത 1.60 കോടി രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. റിസർവ് ബാങ്ക് ഇന്ത്യക്ക് പകരം റിസോൾ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടിൽ രേഖപ്പെടുത്തിയിരുന്നത്.
നേരത്തെ, സൂറത്തിൽ ഒരു വ്യാജ കറൻസി നിർമാണ യൂണിറ്റ് റെയ്ഡ് ചെയ്യുകയും നാലു പേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഷാഹിദ് കപൂറിന്റെ ‘ഫാർസി’ എന്ന സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വ്യാജ കറൻസി യൂണിറ്റ് പ്രവർത്തിച്ചതെന്ന് പൊലീസ് കമ്മീഷണർ രാജ്ദീപ് നുകും വ്യക്തമാക്കി. ഓൺലൈൻ വസ്ത്രവ്യാപാരം നടത്താനെന്ന വ്യാജേനയാണ് പ്രതികൾ ഒരു വാണിജ്യ കെട്ടിടത്തിൽ ഓഫീസ് സ്ഥലം വാടകയ്ക്ക് എടുത്തത്.
1.20 ലക്ഷം രൂപ മൂല്യമുള്ള ഉയർന്ന നിലവാരമുള്ള വ്യാജ കറൻസിയാണ് ഇവർ രഹസ്യമായി അച്ചടിച്ചിരുന്നത്. സൂറത്ത് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) ആണ് റെയ്ഡ് നടത്തിയത്.

