എസ്എടി ആശുപത്രിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു; വീഴ്ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. ആദ്യം താൽക്കാലിക ജനറേറ്ററെത്തിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ഇപ്പോൾ പൂർണതോതിൽ വൈദ്യുതി പുനഃസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി.

സ്ത്രീകളുടെയും കുട്ടികളുടെയും അത്യാഹിത വിഭാഗം ബ്ലോക്കിലാണ് ഇന്നലെ രാത്രിയോടെ വൈദ്യതി മുടങ്ങിയത്. ടോർച്ചിന്റെയും മെഴുകുതിരി വെട്ടത്തിന്റെയും വെളിച്ചത്തിലാണ് ആശുപത്രി പ്രവർത്തിച്ചത്.

അത്യാഹിത വിഭാഗത്തിൽ വൈദ്യുതി ഇല്ലാതായതോടെ രോഗികൾ ദുരിതത്തിലായി. തുടർന്ന് രോഗികളും ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിച്ചു. വൈദ്യുതി മുടങ്ങിയതിന് പിന്നാലെ ജനറേറ്ററും കേടായതാണ് പ്രതിസന്ധി വർധിപ്പിച്ചതെന്നാണ് സൂപ്രണ്ട് അറിയിച്ചത്.

അതേസമയം, തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ഒരു ബ്ലോക്കിൽ വൈദ്യുതി മുടങ്ങിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. സമഗ്ര സമിതി അന്വേഷണം നടത്തും. ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.