സംഘടിത കുറ്റവാളികളുടെ ഡേറ്റ ബേസ് തയ്യാറാക്കാനുള്ള നീക്കവുമായി ദേശീയ അന്വേഷണ ഏജൻസി

ന്യൂഡൽഹി: സംഘടിത കുറ്റവാളികളുടെ ഡേറ്റ ബേസ് തയ്യാറാക്കാനുള്ള നീക്കവുമായി ദേശീയ അന്വേഷണ ഏജൻസി. ഇങ്ങനെ തയ്യാറാക്കുന്ന ഡേറ്റാ ബേസ് എൻഐഎ ലോക്കൽ പൊലീസിന് കൈമാറും. കുറ്റവാളികളുടെ വിശദാംശങ്ങൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, സാമ്പത്തിക ശൃംഖല, മറ്റ് വിവരങ്ങൾ എന്നിവ കേന്ദ്ര ഏജൻസി ഡേറ്റ ബേസിൽ ഉൾപ്പെടുത്തും.

കുറ്റവാളികളുടെ ഏറ്റവും പുതിയ ചിത്രം, ബയോമെട്രിക് വിശദാംശങ്ങൾ, ചോദ്യം ചെയ്യൽ റിപ്പോർട്ട്, അവരുടെ ആയുധ വിതരണക്കാർ എന്നിവരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ എന്നിവ പോർട്ടലിൽ ഉണ്ടാവും.

സംഘടിത കുറ്റവാളികളുടെ ശൃംഖല തകർക്കുക, ആയുധ വിതരണക്കാർ, റിക്രൂട്ടർമാർ, ഹവാല ഓപ്പറേറ്റർമാർ, വ്യാജ പാസ്‌പോർട്ട്, വ്യാജ രേഖകൾ നൽകുന്നവർ എന്നിവരെ കണ്ടെത്തി പിടികൂടുക, സാമ്പത്തിക വരവ് നിയന്ത്രിക്കുക തുടങ്ങിയവയാണ് ഈ പോർട്ടലിലൂടെ ലക്ഷ്യം വയ്ക്കുന്നത്.