രാജ്യത്ത് ഈ വർഷം അംഗീകാരം നൽകിയത് 60 പുതിയ മെഡിക്കൽ കോളേജുകൾക്ക്; കണക്കുകൾ പുറത്തുവിട്ട് ആരോഗ്യമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ഈ വർഷം കേന്ദ്ര സർക്കാർ 60 പുതിയ മെഡിക്കൽ കോളേജുകൾക്ക് കൂടി അംഗീകാരം നൽകി. ഇതോടെ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 766 ആയി ഉയർന്നു. 2023-24 വർഷത്തിൽ 706 മെഡിക്കൽ കോളജുകളായിരുന്നു രാജ്യത്തുണ്ടായിരുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ മെഡിക്കൽ കോളേജുകളുടെ എണ്ണത്തിൽ 98% വർധനയുണ്ടായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

2013-14ൽ രാജ്യത്താകമാനം 387 മെഡിക്കൽ കോളേജുകളുണ്ടായിരുന്നു. 2024-25ൽ 766 ആയി ഉയർന്നു. ഇതിൽ 423 എണ്ണം സർക്കാർ മെഡിക്കൽ കോളജുകളാണ്. 343 സ്വകാര്യ മെഡിക്കൽ കോളജുകളുമുണ്ട്. 2023-24 ൽ 1,08,940 ആയിരുന്നു എംബിബിഎസ് സീറ്റുകളുടെ എണ്ണം. 2024-25 ൽ ഇത് 1,15,812 ആയെന്ന് ജെ പി നദ്ദ പറഞ്ഞു.

പിജി മെഡിക്കൽ സീറ്റുകൾ 2023-24ൽ 69,024 ആയിരുന്നത് 2024-25ൽ 73,111 ആയി വർദ്ധിച്ചു. കഴിഞ്ഞ 10 വർഷത്തിനിടയിൽ പിജി സീറ്റുകളുടെ എണ്ണത്തിൽ 39,460 സീറ്റുകളുടെ വർദ്ധനയാണുണ്ടായതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.