വാഷിംഗ്ടൺ ഡിസി: ‘ ഒരു ഭൂമി ഒരു ആരോഗ്യം’ എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയിൽ ക്വാഡ് കാൻസർ മൂൺഷോട്ട് ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെർവിക്കൽ കാൻസർ ചെറുക്കുന്നതിനായി സാമ്പിൾ കിറ്റുകൾ, ഡിറ്റക്ഷൻ കിറ്റുകൾ, വാക്സിനുകൾ എന്നിവയ്ക്ക് 7.5 മില്യൺ ഡോളർ സാമ്പത്തിക പിന്തുണ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
സെർവിക്കൽ കാൻസർ തടയുന്നതിനായി രോഗം നിർണയിക്കേണ്ടതിന്റെയും ചികിത്സിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കാൻസറിനെതിരെയുള്ള കൂട്ടായ പോരാട്ടമാണിത്. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ, എന്നാൽ ഗുണനിലവാരമുള്ള ചികിത്സകളും ലഭ്യമാക്കാൻ ഇത്തരം പരിപാടികൾ അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് മഹാമാരി കാലത്ത് ഇന്തോ- പസഫിക്കിനായി ക്വാഡ് വാക്സിനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ത്യയും അമേരിക്കയും മുൻകൈ എടുത്തിരുന്നു. സെർവിക്കൽ കാൻസറിനെതിരെ ഒന്നിച്ച് പോരാടുമെന്ന പ്രതിജ്ഞയാണ് ഇപ്പോൾ സ്വീകരിക്കുന്നത്. കാൻസർ ചികിത്സയ്ക്കും പരിചരണത്തിനും സഹകരണം അനിവാര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

