കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. മെയ് മാസത്തിൽ കവിയൂർ പൊന്നമ്മയ്ക്ക് അർബുദം സ്ഥിരീകരിച്ചിരുന്നു. രോഗം നാലാം ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് അർബുദം സ്ഥിരീകരിച്ചത്. മലയാള സിനിമയിൽ അമ്മ വേഷങ്ങളെ അനശ്വരമാക്കിയ നടിയാണ് കവിയൂർ പൊന്നമ്മ.
കവിയൂർ പൊന്നമ്മയുടെ മൃതദേഹം നാളെ കളമശേരി മുൻസിപ്പൽ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും. ആലുവ കരുമാലൂരിൽ മൃതദേഹം സംസ്കരിക്കും. നാന്നൂറിലധികം സിനിമകളിൽ കവിയൂർ പൊന്നമ്മ അഭിനയിച്ചു. കെപിഎസി നാടകങ്ങളിൽ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതൽ സിനിമയിൽ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ൽ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്.
നിരവധി സിനിമകളിൽ ഗായികയായും തിളങ്ങിയിരുന്നു. തിരുവല്ലക്കടുത്ത് കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയുടെയും മൂത്തമകളായാണ് കവിയൂർ പൊന്നമ്മ ജനിച്ചത്. നടി കവിയൂർ രേണുക ഉൾപെടെ ആറ് സഹോദരങ്ങളുണ്ട്.

