കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത്. പ്രതികളേയോ സാക്ഷികളെയോ ബന്ധപ്പെടരുത്. ഒരു സിം കാർഡ് മാത്രമെ ഉപയോഗിക്കാവൂ, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയവയാണ് പ്രധാന ജാമ്യ ഉപാധികൾ.
പൾസർ സുനിയുടെ സുരക്ഷ പൊലീസ് ഉറപ്പാക്കണമെന്ന നിർദേശവും കോടതി മുന്നോട്ടുവെച്ചു. ഇന്ന് വൈകുന്നേരത്തോടെ പൾസർ സുനിയ്ക്ക് പുറത്തിറങ്ങാനായേക്കുമെന്നാണ് വിവരം. ജയിലിൽ ഫോൺ ഉപയോഗിച്ച കേസിലും സുനി ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. നിലവിൽ എറണാകുളം സബ്ജയിലിൽ റിമാൻഡിൽ കഴിയുകയാണ് സുനി.
കഴിഞ്ഞ ദിവസം സുപ്രീം കോടതി പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നല്കിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നല്കണമെന്നും ഉത്തരവിട്ടിരുന്നു. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. 2017- ഫെബ്രുവരി 23 മുതൽ പൾസർ സുനി ജയിലിൽ കഴിയുകയാണ്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പൾസർ സുനി ജയിലിൽ കഴിയുന്നത്.

