അഭിമാന നിമിഷം; ഭക്ഷ്യ സുരക്ഷയിൽ ചരിത്ര നേട്ടം കൈവരിച്ച് കേരളം

തിരുവനന്തപുരം: ദേശീയ തലത്തിൽ ഭക്ഷ്യ സുരക്ഷയിൽ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളത്തിന് ദേശീയ തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ വർഷമാണ് കേരളം ഒന്നാം സ്ഥാനം നേടിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

ശക്തമായ പ്രവർത്തനങ്ങളിലൂടെ തുടർച്ചയായ രണ്ടാം വർഷവും കേരളം ഒന്നാം സ്ഥാനം നിലനിർത്തുകയായിരുന്നു. ഭക്ഷ്യസുരക്ഷ പരിശോധന, സാമ്പിൾ ശേഖരണം, സാമ്പിൾ പരിശോധന, പ്രോസിക്യൂഷൻ കേസുകൾ, എൻ.എ.ബി.എൽ അംഗീകാരമുള്ള ലാബുകളുടെ എണ്ണം, ലാബുകളിലെ പരിശോധനാ മികവ്, മൊബൈൽ ലാബിന്റെ പ്രവർത്തനം, പരിശീലനം, ബോധവത്കരണ പ്രവർത്തനങ്ങൾ തുടങ്ങി 40ഓളം മേഖലകളിലെ പ്രവർത്തന മികവാണ് ദേശീയ ഭക്ഷ്യസുരക്ഷ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്തെത്തിത്. കേരളം ഭക്ഷ്യ സുരക്ഷാ രംഗത്ത് നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ നേട്ടം. ഒപ്പം നിന്ന് പ്രവർത്തിച്ച് ഈ നേട്ടം കൈവരിക്കാൻ പ്രയത്നിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും അഭിനന്ദിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.