വയനാട് ദുരന്തം; കേന്ദ്രം സഹായിക്കാത്തത് മറച്ചുപിടിക്കാനാണ് വ്യാജ വാർത്തയുമായി മാധ്യമങ്ങൾ ഇറങ്ങിയിരിക്കുന്നതെന്ന് എം ബി രാജേഷ്

തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി മന്ത്രി എം ബി രാജേഷ്. വയനാട് ദുരന്തമുണ്ടായി 50 ദിവസം കഴിഞ്ഞിട്ടും കേന്ദ്രം സഹായിക്കാത്തത് മറച്ചുപിടിക്കാനാണ് വ്യാജ വാർത്തയുമായി മാധ്യമങ്ങൾ ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം എന്തുകൊണ്ട് സഹായിക്കുന്നില്ല എന്ന ചർച്ച ഉയരാതിരിക്കാനും കേന്ദ്രസർക്കാരിനെ സഹായിക്കാനുമാണ് മാധ്യമങ്ങൾ നുണ പ്രചരിപ്പിക്കുന്നതും അത് പ്രതിപക്ഷം ഏറ്റെടുക്കുന്നതുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്ത തെറ്റായി നൽകുന്നതും സർക്കാരിനെ അതിന്റെ പേരിൽ ആക്രമിക്കുന്നതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. 50 ദിവസം കാത്തിരുന്നശേഷമാണ് വ്യാജനിർമിതി പുറത്തുവിട്ടത്. പ്രധാനമന്ത്രി വന്നുപോയിട്ട് എത്ര ദിവസമായി അഞ്ഞൂറിലധികം പേർക്ക് ജീവൻ നഷ്ടമായ ദുരന്തത്തിൽ ചില്ലിക്കാശ് കേന്ദ്രം നൽകിയോയെന്ന് അദ്ദേഹം ചോദിക്കുന്നു.

കേന്ദ്ര സഹായം തടസ്സപ്പെടണം എന്നാഗ്രഹിക്കുന്നവരുടെ വാദങ്ങളാണ് ഇതിനുപിന്നിൽ. രാഷ്ട്രീയമാകാം, ഇടതുപക്ഷത്തോട് വിയോജിപ്പുമാകാം. പക്ഷേ, അത് ദുരന്തബാധിതരോട് ക്രൂരത കാണിച്ചുകൊണ്ടാകരുത്. ഇപ്പോൾ പ്രചരിപ്പിക്കുന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രി വ്യക്തത വരുത്തിയതാണ്. എന്നിട്ടും മാധ്യമങ്ങൾ തിരുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.