കൊച്ചി: ഓണാഘോഷങ്ങൾ പൊടിപൊടിച്ചപ്പോൾ ബമ്പറടിച്ചത് കൺസ്യുമർ ഫെഡിന്. 125 കോടിയുടെ റെക്കോഡ് വിൽപ്പനയാണ് ഓണവിപണിയിൽ നിന്ന് കൺസ്യൂമർ ഫെഡ് നേടിയത്. ഓണച്ചന്തയിലൂടെയും ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. 1500 ഓണച്ചന്തകളും 175 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയുമായിരുന്നു ഓണക്കാല കച്ചവടം.
ഇത്തവണ 60 കോടി രൂപയുടെ സബ്സിഡി സാധനങ്ങളും 65 കോടി രൂപയുടെ സബ്സിഡി ഇതര സാധനങ്ങളുമായി ഒരാഴ്ചയ്ക്കകം കൺസ്യൂമർ ഫെഡിലൂടെ വിറ്റത്. 10 മുതൽ 40 ശതമാനം വരെ വിക്കുറവിലാണ് നിത്യോപയോഗ സാധനങ്ങൾ സാധരണക്കാർക്കായി ലഭ്യമാക്കിയത്. ഓണച്ചന്തകളിൽ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്. അരി ഉൾപ്പെടെയുള്ള 13 സാധനങ്ങളാണ് സബ്സിഡി നിരക്കിൽ ലഭ്യമാക്കിയത്.
കുറുവ, മട്ട, ജയ എന്നീ അരികൾ പൊതുവിപണയിൽ കിലോയ്ക്ക് 45 മുതൽ 55 രൂപ വരെയാണ് വില. കണൺസ്യൂമർ ഫെഡ് ജയ അരി 29 രൂപയ്ക്കും കുറുവ അരി 30 രൂപയ്ക്കും 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് 60,500 ക്വിന്റൽ അരിയാണ് വിപണിയിലെത്തിച്ചത്. 8100 ക്വിന്റൽ പഞ്ചസാര, 6500 ക്വിന്റൽ ചെറുപയർ, 6500 ക്വിന്റൽ ഉഴുന്ന്, 6500 ക്വിന്റൽ കടല, 6500 ക്വിന്റൽ വൻപയർ, 6500 ക്വിന്റൽ തുവര, 3500 ക്വിന്റൽ മുളക്, 3500 ക്വിന്റൽ മല്ലി എന്നിവയ്ക്ക് പുറമെ 8,00,000 പാക്കറ്റ് വെളിച്ചെണ്ണയും കൺസ്യൂമർ ഫെഡിലൂടെ വിൽപ്പന ചെയ്തു.

