സമയം കഴിഞ്ഞിട്ടും ബിവറേജിൽ നിന്നും മദ്യം വാങ്ങി പൊലീസ്; നാട്ടുകാർ ചോദ്യം ചെയ്തതോടെ കയ്യേറ്റം

മലപ്പുറം: സമയം കഴിഞ്ഞിട്ടും ബിവറേജിൽ നിന്നും മദ്യം വാങ്ങി പൊലീസ് ഉദ്യോഗസ്ഥർ. മലപ്പുറത്താണ് സംഭവം നടന്നത്. പൊലീസുദ്യോഗസ്ഥർ മദ്യം വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തി. ഇതോടെ ഇരു കൂട്ടരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും വരെ ഉണ്ടായി. മദ്യവിൽപനയ്ക്കായുള്ള സമയം കഴിഞ്ഞ് രണ്ട് പേർ ബിവറേജിന്റെ ഗേറ്റിന് പുറത്തുനിന്ന് ജീവനക്കാരോട് സംസാരിക്കുന്നതും പണം കൈമാറുന്നതും കണ്ട നാട്ടുകാരൻ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു.

ദൃശ്യങ്ങൾ പകർത്തിയത് ചോദ്യം ചെയ്ത് പൊലീസ് നാട്ടുകാരെ മർദ്ദിച്ചുവെന്ന ആരോപണം ഉയരുന്നുണ്ട്. സംഭവത്തിൽ പരിക്കേറ്റ കണ്ടനകം സ്വദേശി സുനീഷ് കുമാർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

മലപ്പുറം എടപ്പാൾ കണ്ടനകം ബിവറേജിൽ ഇന്നലെ രാത്രി 9.30യോടെയായിരുന്നു സംഭവം. ചങ്ങരംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് എന്ന് പറഞ്ഞാണ് സംഘം നാട്ടുകാരെ മർദ്ദിച്ചത്.