ഔദ്യോഗിക കൃത്യനിർവഹണത്തിലെ ക്രമക്കേടുകൾ; അന്വേഷണ സംഘത്തിന് മുന്നിൽമൊഴി നൽകി എഡിജിപി എംആർ അജിത്ത് കുമാർ

തിരുവനന്തപുരം: അന്വേഷണ സംഘത്തിന് മുന്നിൽമൊഴി നൽകി എഡിജിപി എംആർ അജിത്ത് കുമാർ. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച, ഔദ്യോഗിക കൃത്യനിർവഹണത്തിലെ ക്രമക്കേടുകൾ എന്നിവ ഉൾപ്പെടെ ഉയർന്നിരിക്കുന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് അജിത്ത് കുമാർ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയിരിക്കുന്നത്.

പൊലീസ് ആസ്ഥാനത്ത് കേസിന്റെ അന്വേഷണ ചുമതലയുള്ള സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് നേരിട്ടാണ് മൊഴി രേഖപ്പെടുത്തുന്നത്. കേസിന്റെ അന്വേഷണ ചുമതലയിലുള്ള ഐജി സ്പർജൻ കുമാർ, എസ്പിമാരായ മധുസൂദനൻ എന്നിവരും ഒപ്പമുണ്ട്.

ഐജി സ്പർജൻ കുമാർ എഡിജിപിയുടെ മൊഴിയെടുക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ തനിക്കെതിരായ അന്വേഷണത്തിൽ തന്നേക്കാൾ ജൂനിയറായ ഐജി സ്പർജൻ കുമാറിനെ മൊഴിയെടുക്കാൻ നിയമിച്ചതിനെതിരെ ഡിജിപിക്ക് എഡിജിപി കത്ത് നൽകിയിരുന്നു. ഐജി സ്പർജൻ കുമാറിന് മുന്നിൽ മൊഴി നൽകില്ലെന്നും ഡിജിപി നേരിട്ട് മൊഴിയെടുക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്. തുടർന്നാണ് അജിത് കുമാറിന്റെ മൊഴി നേരിട്ട് രേഖപ്പെടുത്താൻ ഡിജിപി തീരുമാനിച്ചത്.