വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. കൽപ്പറ്റ വെള്ളാരംകുന്നിൽ ബസും വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ജെൻസൺ നിലവിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. അപകടത്തിൽ ശ്രുതിയ്ക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. വാനിൽ ഉണ്ടായിരുന്ന ഏഴ് പേർക്കാണ് പരിക്കേറ്റത്. ബസ്സിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്.
കൂട്ടിയിടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം തകർന്നു. വാഹനത്തിന്റെ ഒരു ഭാഗം പൊളിച്ചാണ് വാനിൽ ഉണ്ടായിരുന്ന കുടുംബാഗങ്ങൾ ഉൾപ്പെടെയുള്ളവരെ പുറത്തെടുത്തത്. ജെൻസന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു. ജെൻസണുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തം സംഭവിച്ചത്. ദുരന്ത മുഖത്ത് ഒറ്റപ്പെട്ടു പോയ ശ്രുതിയെ ജെൻസൺ തന്റെ ഒപ്പു ചേർത്തു നിർത്തുകയായിരുന്നു. ഇതിനിടെയാണ് വിധി വീണ്ടും ഇവരുടെ ജീവിതത്തിൽ വില്ലനായി എത്തിയിരിക്കുന്നത്.

