15 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് നടൻ ജയം രവിയും ഭാര്യ ആരതിയും. ജയം രവി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
സിനിമയ്ക്ക് അകത്തും പുറത്തുമുള്ള തന്റെ യാത്രയ്ക്ക് നിങ്ങൾ നൽകിയ പിന്തുണയും സ്നേഹവും വലുതാണ്. തന്റെ ആരാധകരോടും മാധ്യമങ്ങളോടും ആത്മാർത്ഥമായിരിക്കുക എന്നതിൽ താൻ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ ഹൃദയ വേദനയോടെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിവരം നിങ്ങളെ അറിയിക്കുകയാണ്. ഒരുപാടു ചിന്തകൾക്കും ആലോചനകൾക്കും ചർച്ചകൾക്കും ശേഷം, ആരതിയുമായുള്ള വിവാഹബന്ധത്തിൽ നിന്ന് വേർപിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണെന്ന് ജയംരവി പറഞ്ഞു.
ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരങ്ങളാണ് ഇതിനു പിന്നിൽ. തങ്ങളുമായി ബന്ധപ്പെട്ട എല്ലാവരുടെയും നല്ലതിനു വേണ്ടിയാണെന്നും ജയം രവി കൂട്ടിച്ചേർത്തു.
പ്രതിസന്ധിയേറിയ ഈ സമയത്ത് തന്റേയും കുടുംബത്തിന്റേയും സ്വകാര്യതയെ മാനിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുത്. ഈ വിഷയം തങ്ങളുടെ സ്വകാര്യ കാര്യമായി കാണണം. തന്റെ പ്രിയപ്പെട്ട ആരാധകർക്ക് താനെപ്പോഴും പഴയ ജയം രവി തന്നെയായിരിക്കും. പിന്തുണയും സ്നേഹവും ഇനിയും വേണമെന്നും അദ്ദേഹം അറിയിച്ചു.

