ഇന്ത്യയിൽ എംപോക്‌സ് രോഗബാധയില്ല; സംസ്ഥാനങ്ങൾ ജാഗ്രത കൈവിടരുന്നതെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിൽ ആർക്കും എംപോക്‌സ് രോഗബാധയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പരിശോധിച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ സംസ്ഥാനങ്ങൾ ജാഗ്രത കൈവിടരുതെന്നും മന്ത്രാലയം വ്യക്തമാക്കി.

സംശയമുള്ള രോഗികളെയും സ്ഥിരീകരിക്കുന്നവരെയും ചികിത്സിക്കാൻ ആശുപത്രികളിൽ സംവിധാനമൊരുക്കണമെന്ന നിർദ്ദേശവും കേന്ദ്രം മുന്നോട്ടുവെച്ചു. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നിലവിൽ ഇതുവരെ ഇന്ത്യയിൽ എംപോക്സിന്റെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവാണ്. ജനങ്ങൾക്കിടയിൽ അനാവശ്യ പരിഭ്രാന്തിയുണ്ടാക്കുന്നത് തടയണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്ര വ്യക്തമാക്കി.