തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. തനിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തിൽ നിരപരാധിയാണെന്ന് തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവർക്കെതിരെ സർക്കാർ കേസെടുക്കണമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് എഡിജിപി എംആർ അജിത് കുമാർ മുഖ്യമന്ത്രിയ്ക്ക് കത്തയക്കുന്നത്.
തന്നെ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തികൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും അജിത് കുമാർ കത്ത് നൽകിയത്. അതേസമയം, ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറും ആർഎസ്എസ് നേതാവ് റാം മാധവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ വിവാദം കനക്കുകയാണ്.
എഡിജിപിയുമായി ചർച്ചക്ക് പോയതിൽ ബിസിനസുകാരുമുണ്ടെന്നാണ് സൂചന. ചെന്നൈയിൽ ബിസിനസ് നടത്തുന്ന മലയാളിയാണ് ഒപ്പമുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

