ചേർത്തലയിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടി; നിർണായകമായത് യുവതിയുടെ ആൺസുഹൃത്തിന്റെ മൊഴി

ആലപ്പുഴ: ചേർത്തലയിൽ നവജാതശിശുവിനെ വിറ്റുവെന്ന അമ്മയുടെ മൊഴി കള്ളമെന്ന് കണ്ടെത്തി. കുഞ്ഞിനെ തന്റെ വീട്ടിൽ കൊന്ന് കുഴിച്ചിട്ടെന്നാണ് യുവതിയുടെ ആൺ സുഹൃത്ത് മൊഴി നൽകിയിരിക്കുന്നത്. കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് വിറ്റുവെന്നായിരുന്നു യുവതി ആദ്യം നൽകിയ മൊഴി. ഇത് കള്ളമാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.

എന്നാൽ ഇങ്ങനെയൊരു ദമ്പതികൾ തൃപ്പൂണിത്തുറയിൽ ഇല്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. യുവതിയെയും ആൺസുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിനൊടുവിലാണ് പുതിയ വെളിപ്പെടുത്തൽ.

അതേസമയം, യുവതി ഗർഭിണിയായിരുന്നുവെന്ന കാര്യം ഭർതൃവീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നും കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതാവ് ആൺസുഹൃത്താണെന്നും അടക്കമുള്ള വിവരങ്ങൾ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് പുറത്തു വരുന്ന റിപ്പോർട്ട്.