തിരുവനന്തപുരം: കേരളം ടൂറിസം സംസ്ഥാനമായി വളരുമ്പോൾ ആഭ്യന്തര വളർച്ചയുടെ ഏറിയ പങ്കും വഹിക്കാൻ പറ്റുന്ന മേഖലയായി വിനോദസഞ്ചാരം മാറുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ലോക സമ്പദ് വ്യവസ്ഥയുടെ ഒമ്പതു ശതമാനം വിനോദസഞ്ചാര മേഖലയിൽ നിന്നാണ്. കേരളത്തിൽ ഇത് ജിഡിപിയുടെ 10 ശതമാനമാണ്. വലിയ വളർച്ചയാണ് ലോക ടൂറിസം സംഘടന വിനോദ സഞ്ചാര മേഖലയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. 2024 ൽ 11.1 ട്രില്യൺ വരെ എത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മാറുന്ന കാലത്തിന് അനുസരിച്ച് ടൂറിസം മേഖലയിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. മൈസ്, ഡെസ്റ്റിനേഷൻ വെഡ്ഡിങ്, അനുഭവവേദ്യ-ഉത്തരവാദിത്ത ടൂറിസം, ഫുഡ്-സാഹസിക ടൂറിസം തുടങ്ങി ലോകത്തിലെ തന്നെ മികച്ച തൊഴിൽദാതാവായി ഈ മേഖല മാറുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിന് ഇനിയും വലിയ സാധ്യതകളാണുള്ളതെന്നും ഇത് പ്രയോജനപ്പെടുത്തുന്ന നൂതന പദ്ധതികളാണ് സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കി വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

