കോട്ടയം: മലയാള സിനിമ മേഖലയിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി ചാർമിള. സംവിധായകരും നിർമാതാക്കളും അഭിനേതാക്കളും അടക്കം ഇരുപത്തിയെട്ടുപേർ തന്നോട് മോശമായി പെരുമാറി എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് ചോദിച്ചു. തന്റെ സുഹൃത്തായ വിഷ്ണുവിനോടാണു താൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്ന് ഹരിഹരൻ ചോദിച്ചത്. തയ്യാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ സിനിമയിൽ നിന്ന് ഒഴിവാക്കി. ‘അർജുനൻ പിള്ളയും അഞ്ച് മക്കളും’ സിനിമയുടെ നിർമാതാവിനെതിരെയും ചാർമിള ആരോപണമുന്നയിച്ചു.
അതേസമയം, സംവിധായകൻ ഹരിഹരനെതിരെ നടി ചാർമ്മിള ഉയർത്തിയ ആരോപണം വാസ്തവമെന്ന് നടിയുടെ സുഹൃത്തും നടനുമായ വിഷ്ണു വ്യക്തമാക്കി. ചാർമ്മിളയോട് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിക്കാൻ ഹരിഹരൻ പറഞ്ഞെന്നും ‘അവർ വഴങ്ങുമോ’ എന്നാണ് തന്നോട് ചോദിച്ചതെന്നും വിഷ്ണു ഒരു ടെലിവിഷൻ ചാനലിനോട് പ്രതികരിച്ചു.

