തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം ഹാജരാക്കാൻ ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ വനിത കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
ഒരാഴ്ചക്കുള്ളിൽ ഹാജരാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പി.ആർ ശിവശങ്കരൻ എന്നിവർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൊഴി നൽകിയവരുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ചില ഭാഗങ്ങൾ ഒഴിവാക്കി ആയിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സിനിമാ മേഖലയിലെ പല ചൂഷണങ്ങളെ കുറിച്ച് വെളിപ്പെടുത്തി പല നടിമാരും രംഗത്തെത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പല നടന്മാർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

