രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ വലിയ ഭീഷണിയാണ് മയക്കുമരുന്ന് കടത്തും വ്യാപാരവും; അമിത് ഷാ

റായ്പൂർ: ലഹരിവിമുക്ത ഇന്ത്യ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം ഇപ്പോൾ രാജ്യത്തെ ഓരോ പൗരനും ഏറ്റെടുത്തിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ വലിയ ഭീഷണിയാണ് മയക്കുമരുന്ന് കടത്തും വ്യാപാരവുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിൽ നിന്ന് ലഭിക്കുന്ന പണം തീവ്രവാദത്തേയും നക്സലിസത്തേയും പ്രോത്സാഹിപ്പിക്കാനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നതിനുമാണ് ഉപയോഗിക്കുന്നത്. ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. മയക്കുമരുന്ന് വ്യാപാരം നടത്തുന്നവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഉദ്യോഗസ്ഥർ ഒരുരീതിയിലും മടി കാണിക്കരുത്. മയക്കുമരുന്ന് എന്ന വിപത്തിനെ രാജ്യത്തെ നിന്ന് തന്നെ പൂർണമായും തുടച്ചുനീക്കണം. മയക്കുമരുന്ന് വ്യാപാരത്തിന്റെ മുഴുവൻ ശൃംഖലയേയും വേരോടെ തന്നെ പിഴുതെറിയണം. അല്ലാത്ത പക്ഷം അതൊരിക്കലും നമുക്ക് നിയന്ത്രണവിധേയമാക്കാൻ സാധിക്കില്ല. ലോകരാജ്യങ്ങളെല്ലാം നേരിടുന്ന വലിയൊരു പ്രശ്നമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ജനങ്ങൾക്കിടയിലും ഇതിനെതിരെ കൃത്യമായ അവബോധം സൃഷ്ടിക്കുകയും, പ്രശ്നത്തിനെതിരെ പോരാടാൻ ജനങ്ങളെ പ്രാപ്തരാക്കുകയും വേണം. ചില രാജ്യങ്ങൾ ഈ പോരാട്ടത്തിൽ പരാജയപ്പെട്ടു പോയിട്ടുണ്ട്. ഇത്തരം കേസുകളുടെ അന്വേഷണത്തിൽ ശാസ്ത്രീയമായ രീതികൾ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.