വാഷിംഗ്ടൺ: ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2047-ഓടെ 55 ട്രില്യൺ ഡോളറായി വളരുമെന്ന് വ്യക്തമാക്കി ഐഎംഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണമൂർത്തി വി സുബ്രഹ്മണ്യൻ. ശരാശരി പണപ്പെരുപ്പം അഞ്ച് ശതമാനത്തിലും വരും വർഷങ്ങളിൽ വളർച്ചാ നിരക്ക് എട്ട് ശതമാനമായി തുടരുകയും ചെയ്യുകയാണെങ്കിൽ 55 ട്രില്യൺ ഡോളറെന്ന ലക്ഷ്യത്തിൽ എളുപ്പത്തിലെത്താൻ രാജ്യത്തിന് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വർഷമായി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, നവീകരണം, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ സ്വീകരിച്ച നയങ്ങൾ കണക്കിലെടുത്താൽ തുടർച്ചയായി എട്ട് ശതമാനം വളർച്ചയെന്നത് അസാധ്യമായ കാര്യമല്ല. അത് കൈവരിക്കാൻ ഭാരതത്തിന് കെൽപ്പുണ്ട്. സംരംഭകത്വ മേഖലയിലും ഇന്ത്യ കുതിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
2004 മുതൽ 2014 വരെയുള്ള ലോകബാങ്ക് കണക്കുകൾ പ്രകാരം പ്രതിവർഷം ശരാശരി 3.2 ശതമാനത്തോളമാണ് പുതിയ സംരംഭങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. 2014 മുതൽ ഇത് തുടർച്ചയായ കുതിപ്പ് സൃഷ്ടിക്കുന്നു. ഇതോടെ ലോകത്തെ മൂന്നാമത്തെ വലിയ സംരംഭക ആവാസവ്യവസ്ഥയാണ് ഇന്ത്യക്കുള്ളതെന്നും വിവിധ മേഖലകളിലെ ഉത്പാദനക്ഷമത വളർച്ചയെ മെച്ചപ്പെടുത്താനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

