ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവച്ച കവറിൽ ഹാജരാക്കണം; സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവച്ച കവറിൽ ഹാജരാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സെപ്റ്റംബർ 10ന് കോടതിയിൽ ഹാജരാകാനാണ് നിർദേശം. എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നത് അടക്കം വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുന്നത്.

അതേസമയം, കേസിൽ വനിതാ കമ്മീഷനെയും കക്ഷി ചേർത്തു. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്‌നങ്ങളെന്ന് കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടന്നെങ്കിൽ കേസെടുത്തു കൂടെയെന്ന് കോടതി ചോദിച്ചു. കേസ് എടുക്കണമെന്ന ഹർജിയിൽ സർക്കാരിന്റെ നിലപാട് എന്താണെന്ന ചോദ്യവും കോടതി മുന്നോട്ടുവെച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റങ്ങൾ ഉണ്ടോ. മൊഴി തന്നവരുടെ പേരുകൾ സർക്കാരിന്റെ പക്കലുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ അത് കോൺഫിഡൻഷ്യൽ ആണെന്ന് സർക്കാർ മറുപടി നൽകി.