കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പുറത്തുവിട്ട ഭാഗം ഞെട്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിനിമ മേഖലയിൽ ലൈംഗിക ചൂക്ഷണവും ക്രിമിനൽവൽക്കരണവും അരാജകത്വവും നടക്കുന്നു എന്നത് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.
ചൂഷണം വ്യാപകമാണ് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നാലരവർഷം റിപ്പോർട്ട് പുറത്ത് വിടാതെ സർക്കാർ എന്തിന് അടയിരുന്നു. ഇത്ര വലിയ സ്ത്രീ വിരുദ്ധത നടന്നിട്ട് ആരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തെറ്റ് ചെയ്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടത് സർക്കാരിന്റെ ചുമതലയാണ്. നാലരവർഷം റിപ്പോർട്ട് പുറത്ത് വിടാതെ സർക്കാർ ചെയ്തത് ഗുരുതരമായ കുറ്റമാണ്. സർക്കാർ നടപടി കേരളത്തിന് അപമാനകരമായ കാര്യമാണ്. ക്രിമിനൽ കുറ്റം അറിഞ്ഞിട്ടും നടപടി എടുക്കാത്തത് ക്രിമിനൽ കുറ്റം തന്നെയാണ്. മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ചെയ്തത് ക്രിമിനൽ കുറ്റമാണ്. ഇഷ്ടക്കാരെ സംരക്ഷിക്കാൻ ആണോ റിപ്പോർട്ട് മൂടി വെച്ചതെന്നും വി ഡി സതീശൻ ആരോപിച്ചു.

