തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഒരു വിട്ടുവീഴ്ചയും സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ കാര്യത്തിൽ കൃത്യമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് സർക്കാരിന്റെ തലയിൽ കെട്ടിവെയ്ക്കണ്ട. സിനിമ മേഖലയിൽ വലിയ ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളത്. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനാണ് സർക്കാർ കമ്മിറ്റിയെ നിയോഗിച്ചത്. പരാതിയുള്ളവർക്ക് നൽകാവുന്നതാണ്. എല്ലാ മേഖലയിലും പ്രബല വിഭാഗമുണ്ട്. അവർക്കെതിരെ നിർഭയമായി പരാതി നൽകാം. നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
താൻ മന്ത്രിയായി മൂന്നര വർഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ല. ഡബ്ല്യുസിസി (വിമൻ ഇൻ സിനിമാ കളക്ടീവ്) പോലെയുള്ള സംഘടനകൾ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് മാസത്തിനകം സിനിമ കോൺക്ലേവ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സിനിമ, സീരിയൽ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും കോൺക്ലേവിൽ വിശദമായി ചർച്ച ചെയ്യും. സിനിമയിലെ എല്ലാ മേഖലയിലെ പ്രതിനിധികളെയും കോൺക്ലേവിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

