സാങ്കേതികവിദ്യ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള മുൻകരുതലുണ്ടാകണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സാങ്കേതികവിദ്യ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള മുൻകരുതലുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വ്യാപകമായ കാലത്ത് ഇതിന് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ കോടതികളുടെ ഉദ്ഘാടനവും കോടതി നടപടികൾ വേഗത്തിലും സുതാര്യവുമാക്കാൻ ഉദ്ദേശിച്ച് ആരംഭിക്കുന്ന മോഡൽ ഡിജിറ്റൽ കോർട്ട് റൂമും ഡിജിറ്റൽ ലൈബ്രറി ആന്റ് റിസർച്ച് സെന്ററും ജുഡീഷ്യൽ അക്കാദമിയിലെ ലേണിങ് മാനേജ്മെന്റ് സിസ്റ്റവും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്നതിനായി ആരംഭിക്കുന്ന കൊല്ലം ഡിജിറ്റൽ കോടതിയുടെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതി-വർഗ പീഡന നിരോധന നിയമപ്രകാരമുള്ള കേസുകളുടെ വിചാരണയ്ക്ക് എറണാകുളത്ത് ആരംഭിച്ച പ്രത്യേക കോടതിക്കുപുറമെ നെടുമങ്ങാട്, കൊട്ടാരക്കര, മണ്ണാർക്കാട്, മഞ്ചേരി, മാനന്തവാടി എന്നിവിടങ്ങളിൽ പ്രത്യേക കോടതികളുണ്ട്. അരികുവൽക്കരിക്കപ്പെട്ട സമൂഹത്തെ സംരക്ഷിക്കാനുള്ള കേരളത്തിന്റെ പ്രതിജ്ഞാബദ്ധതയെ ഇത് ചൂണ്ടിക്കാട്ടുന്നു. ബഡ്സ് ആക്ടുപ്രകാരമുള്ള കേസുകൾ പരിഗണിക്കാൻ ആലപ്പുഴയിൽ പ്രത്യേക കോടതി ആരംഭിച്ചത് അനധികൃത നിക്ഷേപങ്ങൾ നിയന്ത്രിക്കാനും നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കാനുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പട്ടികജാതി-പട്ടികവർഗ പീഢന നിരോധന നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കാൻ എറണാകുളത്ത് തുടങ്ങുന്ന പ്രത്യേക കോടതിയുടെയും ബാനിങ് ഒഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് (ബഡ്സ്) ആക്ട് പ്രകാരമുള്ള കേസുകൾ പരിഗണിക്കാൻ ആലപ്പുഴയിൽ തുടങ്ങുന്ന പ്രത്യേക കോടതിയുടെയും ഉദ്ഘാടനവും നടന്നു. ഡിജിറ്റൽ കോടതികൾ ആരംഭിക്കുന്നതിനുള്ള സാങ്കേതിക സഹായം ലഭ്യമാക്കിയിരിക്കുന്നത് കുസാറ്റും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും ചേർന്നാണ്. ധനമന്ത്രി കെ എൻ ബാലഗോപാൽ, വ്യവസായ മന്ത്രി പി രാജീവ് ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു.