ന്യൂഡൽഹി: ഭീകരവാദവും വിഘടനവാദവും സമൂഹത്തിൽ ആഴത്തിലുള്ള വിപത്തുകളായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വോയ്സ് ഓഫ് ദി ഗ്ലോബൽ സൗത്തിന്റെ വെർച്വൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിഭജനവും സാങ്കേതിക വിദ്യയിൽനിന്നുള്ള സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികൾ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ ആഗോള ദക്ഷിണേഷ്യൻ രാജ്യങ്ങൾ ഒരുമിച്ച് നിൽക്കാനും പരസ്പര ശക്തിയായി പ്രവർത്തിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദശാബ്ദത്തിലെ സാമ്പത്തിക സ്ഥാപനങ്ങളും ആഗോള ഭരണ സംവിധാനങ്ങളും കോവിഡിനുശേഷമുള്ള ഇന്നത്തെ അനിശ്ചിതത്വവും ഭീകരവാദ വെല്ലുവിളികളും നേരിടുന്നതിൽ കാര്യക്ഷമമല്ല. ഇന്ത്യ ജി20 യെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികാസനോന്മുഖമായ സമീപനത്തിലൂടെയാണ് മുന്നോട്ട് കൊണ്ടുപോയത്. ആഫ്രിക്കൻ യൂണിയന് ജി20 യിൽ സ്ഥിരാംഗത്വം ലഭിച്ച ചരിത്ര നിമിഷം ഇതിന് ഏറ്റവും വലിയ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2022 ൽ ഇന്ത്യ ജി20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോൾ ജി20 ക്ക് ഒരു പുതിയ ഘടന നൽകാനുള്ള ദൃഢനിശ്ചയം ഞങ്ങൾ സ്വീകരിച്ചു. വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടി ഒരു വേദിയായി മാറി. അവിടെ നമ്മൾ പ്രശ്നങ്ങൾ തുറന്ന് ചർച്ച ചെയ്തു. വികസനവുമായി ബന്ധപ്പെട്ട മുൻഗണനകളും ആഗോള ദക്ഷിണേഷ്യയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും അടിസ്ഥാനമാക്കിയാണ് ഇന്ത്യ ജി20 അജണ്ട തയാറാക്കിയതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

