കാർഷിക സംസ്‌കാരത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കാനുള്ള അവസരം; കർഷക ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയർക്ക് കർഷക ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ചിങ്ങം ഒന്ന്. ലോകമെങ്ങുമുള്ള കേരളീയർക്ക് ഇന്ന് മലയാള വർഷാരംഭമാണ്. നമ്മുടെ കാർഷിക സംസ്‌കാരത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കാനുള്ള അവസരമാണിത്. കാർഷിക മേഖലയുടെ അഭിവൃദ്ധിക്കാവശ്യമായ ഇടപെടലുകളെ കുറിച്ചുള്ള സംവാദ സാധ്യതകളും ഈ ചിങ്ങം ഒന്ന് തുറന്നിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കർഷക ദിനമായും നാം ഈ മലയാള വർഷാരംഭം കൊണ്ടാടുന്നുണ്ട്. ജനതയുടെ വലിയ ശതമാനം കാർഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്ന ഈ നാട്ടിൽ ചിങ്ങം ഒന്നിന് വലിയ സ്ഥാനമാണുള്ളത്. കാർഷിക വൃത്തിയുമായി ജീവിക്കുന്നവരെ ചേർത്ത് നിർത്താനും അവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളൊരുക്കാനും നമുക്ക് സാധിക്കണം. എന്നാൽ നമ്മുടെ രാജ്യത്ത് നടപ്പാക്കി വരുന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ കർഷകരുടെയും കാർഷിക വ്യവസ്ഥയുടെയും നട്ടെല്ലൊടിക്കുകയാണ്. ലാഭേച്ഛ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കുത്തക കോർപ്പറേറ്റുകൾക്ക് നമ്മുടെ കാർഷിക മേഖലയെയും തീറെഴുതി കൊടുക്കാനുള്ള ശ്രമങ്ങൾ കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്. കാർഷിക രംഗത്തിന്റെ കോർപ്പറേറ്റ്വൽക്കരണം തടയാനും കാലത്തിന് അനുയോജ്യമായ ജനകീയ കൃഷി രീതികൾ വികസിപ്പിച്ചെടുക്കാനും നമ്മൾ ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയും ഈ ചിങ്ങം ഒന്ന് ഓർമിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ വൈവിധ്യപൂർണമായ ഇടപെടലുകളാണ് എൽഡിഎഫ് സർക്കാർ നടത്തിവരുന്നത്. കാർഷിക വിളകൾക്ക് സംതൃപ്തികരമായ താങ്ങുവില നൽകാനും കാർഷികോല്പന്നങ്ങൾക്ക് വിപണി കണ്ടെത്താനുമടക്കം വിവിധ പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്. കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ, സേവനങ്ങൾ തുടങ്ങിയവയെല്ലാം അടങ്ങിയ ‘കതിർ’ മൊബൈൽ ആപ്പ് സർക്കാർ ഇന്ന് ലോഞ്ച് ചെയ്യുകയാണ്. കാലത്തിനനുഗുണമായ രീതിയിൽ കൃഷിയെ മാറ്റാനും വികസിപ്പിക്കാനും ഇത്തരം ഇടപെടലുകൾ സഹായകമാവും. വയനാടുണ്ടായ പ്രകൃതി ദുരന്തത്തിന്റെ നടുക്കം നമ്മെ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഉരുൾപൊട്ടലിൽ ഉറ്റവരും ഉടയവരും ജീവനോപാധികൾ നഷ്ടപ്പെട്ടവരുടെയും കൂട്ടത്തിൽ ധാരാളം കർഷകരുമുണ്ട്. പ്രകൃതി ദുരന്തങ്ങളിൽ കിടപ്പാടവും കൃഷിയിടവും ഇല്ലാതാകുന്ന കർഷകരെയും ചേർത്തുപിടിക്കാൻ നമുക്കാവണം. കാർഷിക അഭിവൃദ്ധിക്കായി സമഗ്രമായ കർമ പദ്ധതികൾ ആവിഷ്‌കരിക്കാനും സാധിക്കണം. ഈ ചിങ്ങം ഒന്ന് അതിനുള്ള അവസരമായും മാറട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.