വയനാട്: പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം വലിയ പ്രതീക്ഷ നൽകുന്നുവെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ഉരുൾപൊട്ടലിന്റെ വ്യാപ്തി പ്രധാനമന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തമുണ്ടായ സാഹചര്യത്തെ കുറിച്ച് കൃത്യമായി പ്രധാനമന്ത്രിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തം എത്രത്തോളം വയനാടിനെ ബാധിച്ചുവെന്ന് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തും.
അദ്ദേഹത്തിന്റെ വരവിൽ വലിയ പ്രതീക്ഷയുണ്ട്. ഉരുൾപൊട്ടലിന്റെ ദൃശ്യങ്ങൾ സഹിതം കാണിച്ച് സ്ഥിതിഗതികൾ അറിയിക്കും. 2,000 കോടിയുടെ പ്രത്യേക പാക്കേജാണ് കേന്ദ്രസർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്. ഇത് പുനരധിവാസത്തിന് മാത്രമാണെന്നും കെ രാജൻ പറഞ്ഞു. മറ്റ് നാശനഷ്ടങ്ങൾ കണക്കാക്കി പ്രത്യേക നിവേദനം കൈമാറും. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് മാറാൻ ദുരിത ബാധിതർക്ക് 90 ദിവസം നൽകും. ദുരിത മേഖലയ്ക്കായുള്ള എല്ലാ സഹായങ്ങളും പ്രധാനമന്ത്രിയോട് ഘട്ടം ഘട്ടമായി ചോദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി സഹായം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

