തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്താൻ വാട്ടർ അതോറിട്ടിയുമായി സഹകരിച്ചുള്ള പ്രവർത്തനം നടത്തണം. മഞ്ഞപ്പിത്ത രോഗബാധ തടയാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. പകർച്ചവ്യാധി പ്രതിരോധത്തിന് ശക്തമായ നടപടികൾ തുടരണം. ക്യാമ്പുകളിലോ വീടുകളിലോ രോഗം കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്ത് തുടർനടപടികൾ സ്വീകരിക്കണം. ചെളിയിലും വെള്ളത്തിലുമിറങ്ങിയ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ക്യാമ്പുകളിൽ മോഡേൺ മെഡിസിൻ, ആയുർവേദം, ഹോമിയോപ്പതി ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ 12 ഹെൽത്ത് ടീം 360 പൊതുജനാരോഗ്യ സ്ക്രീനിംഗ് നടത്തി. മാനസികാരോഗ്യം ഉറപ്പാക്കാനായി വ്യക്തിഗത കൗൺസിലിംഗും ഗ്രൂപ്പ് കൗൺസിലിംഗും നൽകി വരുന്നു. 136 അംഗ മാനസികാരോഗ്യ ടീം 13 ക്യാമ്പുകളും വീടുകളും സന്ദർശിച്ചു. 218 പേർക്ക് ഗ്രൂപ്പ് കൗൺസിലിംഗും 467 പേർക്ക് സൈക്കോസോഷ്യൽ ഇന്റർവെൻഷനും 36 പേർക്ക് ഫാർമാക്കോ തെറാപ്പിയും നൽകി. 90 ഡി.എൻ.എ. സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ, ജില്ലാ സർവൈലൻസ് ഓഫീസർ എന്നിവർ പങ്കെടുത്തു.

