ബിഗ് ബോസിന്റെ തമിഴ് പതിപ്പിന്റെ അവതാരക സ്ഥാനത്തുനിന്ന് ഇടവേളയെടുത്ത് കമൽ ഹാസൻ; കാരണമിത്

ചെന്നൈ: ബിഗ് ബോസിന്റെ തമിഴ് പതിപ്പിന്റെ അവതാരക സ്ഥാനത്തുനിന്ന് ഇടവേളയെടുത്ത് ചലച്ചിത്രതാരം കമൽ ഹാസൻ. 2017 ൽ ആരംഭിച്ച ആദ്യ സീസൺ മുതൽ ഈ വർഷം ജനുവരിയിൽ അവസാനിച്ച ഏഴാം സീസൺ വരെ ബിഗ് ബോസ് തമിഴ് പതിപ്പിൽ കമൽ ഹാസനായിരുന്നു അവതാരകനായി എത്തിയത്. ഏഴ് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച നമ്മുടെ യാത്രയിൽ നിന്ന് താൻ ഒരു ചെറിയ ഇടവേള എടുക്കുന്ന കാര്യം ഹൃദയഭാരത്തോടെ നിങ്ങളെ അറിയിക്കുകയാണെന്ന് കമൽ ഹാസൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സിനിമാ തിരക്കുകൾ കാരണം ബിഗ് ബോസ് തമിഴിന്റെ വരാനിരിക്കുന്ന സീസണിൽ അവതാരകനായി എത്താൻ തനിക്ക് സാധിക്കില്ല. ബിഗ് ബോസ് അവതാരകനെന്ന നിലയിൽ തനിക്ക് ലഭിച്ച സ്‌നേഹത്തിന് പ്രേക്ഷകർക്ക് നന്ദി പറയുന്നു. ബിഗ് ബോസ് തനിക്കും വലിയ പഠനാവസരമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

കമൽ ഹാസന് പകരം ആരാണ ബിഗ് ബോസ് ഷോയിലേക്ക് അവതാരകനായി എത്തുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.