മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമല്ലെന്ന രീതിയിൽ കുപ്രചാരണം; യാഥാർത്ഥ്യം ജനം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമെല്ലെന്ന രീതിയിൽ വലിയ കുപ്രചാരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ യാഥാർത്ഥ്യം ജനം തിരിച്ചറിയണമെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴിയാണ് നിയന്ത്രിക്കുന്നത്. സീനിയർ ഐഎസ് ഉദ്യോഗസ്ഥനായ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ വരുന്നത്. നിലവിൽ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായ രവീന്ദ്രകുമാർ അഗർവാൾ ആണ് ഈ ഫണ്ടിന്റെ ചുമതലക്കാരൻ. ദുരിതാശ്വാസ നിധിയിലേക്ക് അടക്കുന്ന സംഭാവനകൾ എസ്ബിഐയുടെ തിരുവനന്തപുരം സിറ്റി മെയിൻ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും മറ്റ് പ്രധാന ബാങ്കുകളിലുള്ള പൂൾ അക്കൗണ്ടുകളിലേക്കുമാണ് നിക്ഷേപിക്കപ്പെടുന്നത്. ഈ അക്കൗണ്ടുകൾ വഴിയുള്ള ബാങ്ക് ട്രാൻസ്ഫറിലൂടെയാണ് പണം ഗുണഭോക്താക്കളിലേക്കെത്തുക. ദുരിതാശ്വാസ നിധിയുടെ ഓൺലൈൻ പോർട്ടലിന്റെ സുഗമമായ നടത്തിപ്പിനാണ് പൂൾ അക്കൗണ്ടുകൾ സൃഷ്ടിച്ചത്. ധനകാര്യ സെക്രട്ടറിയുടെ അറിവും സീലുമില്ലാതെ ദുരിതാശ്വാസ നിധിയിൽ നിന്നും ഫണ്ട് ഉപയോഗിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.

റവന്യു വകുപ്പാണ് ദുരിതാശ്വാസ നിധിയുടെ അഡ്മിനിസ്‌ട്രേഷൻ നിർവഹിക്കുന്നത്. അതായത് ധനകാര്യ സെക്രട്ടറിക്ക് സ്വന്തം താല്പര്യ പ്രകാരം ദുരിതാശ്വാസ നിധിയിൽ നിന്നും പണം പിൻവലിക്കാനോ നിക്ഷേപിക്കാനോ സാധിക്കില്ലെന്നർത്ഥം. ഈ അക്കൗണ്ടുകൾ വഴിയുള്ള ധനകാര്യ കൈമാറ്റം റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമേ സാധിക്കുകയുളളൂ. കളക്ടർക്ക് അനുവദിക്കാവുന്ന തുക,റവന്യു സെക്രട്ടറിക്ക് അനുവദിക്കാവുന്ന തുക,റവന്യൂ മന്ത്രിക്ക് അനുവദിക്കാവുന്ന തുക,മുഖ്യമന്ത്രിയ്ക്ക് അനുവദിക്കാവുന്ന തുക ഇതൊക്കെ സർക്കാർ ഉത്തരവു പ്രകാരം നിശ്ചിതമാണ്. അതിനും മുകളിലുള്ളത് മന്ത്രിസഭയ്ക്കാണ് അധികാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസ നിധി വഴി ലഭിക്കുന്ന സഹായം,വിനിയോഗിച്ച തുക,ഗുണഭോക്താക്കളുടെ വിവരങ്ങൾ തുടങ്ങിയ എല്ലാ വിവരങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) വർഷാവർഷം ഓഡിറ്റ് ചെയ്യുന്ന അക്കൗണ്ട് ആണിത്. അക്കൗണ്ട് ജനറൽ ഓഫീസിന്റെ ഓഡിറ്റ് വിഭാഗം ദുരിതാശ്വാസ നിധിയുടെ ഏപ്രിൽ ഒന്ന്2016മുതൽ31ആഗസ്ത്2019വരെയുള്ള ഓഡിറ്റ് പൂർത്തിയാക്കി. ഒരു ക്രമക്കേടുകളും ഇതിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ള റിപ്പോർട്ട് നൽകിയതാണ്. ദുരിതാശ്വാസ നിധിയുടെ വരവ്/ചിലവ് കണക്കുകൾ പരിശോധിക്കാൻ നിയമസഭക്ക് അധികാരവുമുണ്ടെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.