ചണ്ഡിഗഡ്: 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2029ലും പ്രതിപക്ഷത്തിരിക്കാൻ ഇന്ത്യ സഖ്യം തയ്യാറായിക്കോളൂവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യം എന്ത് ഗൂഢതന്ത്രങ്ങൾ മെനഞ്ഞാലും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അധികാരത്തിൽ വരും. കോൺഗ്രസ് മൂന്ന് തെരഞ്ഞെടുപ്പുകളിൽ നേടിയ വോട്ടുകൾ ഒരൊറ്റ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപിക്ക് നേടാൻ സാധിച്ചിട്ടുണ്ടെന്ന് ഇന്ത്യ സഖ്യം മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ചണ്ഡിഗഡിൽ ജലവിതരണ പദ്ധതിയായ ന്യായ് സേതുവിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് ഇന്ത്യ സഖ്യം ശ്രമിക്കുന്നത്. പ്രതിപക്ഷത്തിരുന്ന് എങ്ങനെ പ്രവർത്തിക്കണമെന്ന് അവർക്ക് അറിയില്ല. ജനങ്ങളെ എങ്ങനെ സേവിക്കണമെന്ന് പ്രതിപക്ഷം പഠിക്കണമെന്നും അമിത് ഷാ അറിയിച്ചു. ജനസേവനമാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം. വെള്ളം ഇല്ലാതെ ആർക്കും ജീവിക്കാൻ സാധിക്കില്ല. 24 മണിക്കൂറും ജലവിതരണം നൽകുന്ന പദ്ധതിയാണ് ന്യായ് സേതു. ഇന്നത്തെ കാലത്ത് ഇത് വളരെ അധികം പ്രാധാന്യം അർഹിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശുദ്ധജലം കുടിക്കാൻ കിട്ടാതെ നിരവധി പേർക്കാണ് പലവിധ രോഗങ്ങൾ പിടിപ്പെടുന്നത്. അതിനാൽ 125 ഏക്കറിൽ വ്യാപിക്കുന്ന ഈ പദ്ധതി ജനങ്ങളിലേക്ക് ശുദ്ധജലമെത്തിക്കാൻ സഹായിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

