ഉരുൾപൊട്ടൽ; മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം മേഖലയിൽ ജീവന്റെ തുടിപ്പ് കണ്ടെത്താൻ റഡാർ പരിശോധന

കൽപ്പറ്റ: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം മേഖലയിൽ ജീവന്റെ തുടിപ്പ് കണ്ടെത്താൻ റഡാർ പരിശോധന. തെർമൽ ഇമേജ് റഡാർ പരിശോധനയാണ് നടക്കുന്നത്. പുഞ്ചിരിമട്ടത്തെ റഡാർ പരിശോധനയ്ക്കുശേഷമാണ് മുണ്ടക്കൈയിലെ പരിശോധന ആരംഭിച്ചത്.

സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയശേഷമാണ് രക്ഷാപ്രവർത്തകരും പരിശോധന ഏജൻസി ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നത്. മുണ്ടക്കൈയിൽ റഡാറിൽ നിന്നും സിഗ്‌നൽ ലഭിച്ച കെട്ടിടത്തിൽ പരിശോധന നടത്തുകയാണ്. സിഗ്‌നൽ ലഭിച്ച സ്ഥലം എൻഡിആർഎഫ് കുഴിച്ച് പരിശോധന നടത്തും. ശ്വാസം, അനക്കം തുടങ്ങിയവ ഉൾപ്പെടെ റഡാറിൽ വ്യക്തമാകും. കെട്ടിടങ്ങളിൽ ഇനിയും ആളുകൾ കുടുങ്ങികിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. ഡെപ്യൂട്ടി കളക്ടറും സ്ഥലത്തുണ്ട്. സിഗ്‌നൽ ലഭിച്ച സ്ഥലത്ത് കെട്ടിടം പകുതി തകർന്ന നിലയിലാണുള്ളത്. അതിനാൽ തന്നെ വളരെ സൂക്ഷമമായിട്ടാണ് പരിശോധന. കെട്ടിടത്തിനുള്ളിൽ ആരെങ്കിലും ജീവനോടെ ഉണ്ടോയെന്ന് അറിയാനാണ് പരിശോധന.

കെട്ടിടത്തിൽ ജീവനോടെ ആരെങ്കിലും ഉണ്ടാകുമെന്ന സംശയമുള്ളതിനാൽ സൂക്ഷമമായിട്ടാണ് രക്ഷാപ്രവർത്തനം. കമ്പിപ്പാരയും മറ്റും ഉപയോഗിച്ച് എൻഡിആർഎഫ് സംഘം കെട്ടിടത്തിന്റെ ഒരു ഭാഗം നീക്കം ചെയ്താണ് തെരച്ചിൽ നടത്തുന്നത്. ജീവനുള്ള ഒരു വസ്തുവായിരിക്കാം കെട്ടിടത്തിനുള്ളിലുണ്ടാകുകയെന്നാണ് രക്ഷാപ്രവർത്തകർ അറിയിച്ചിരിക്കുന്നതെന്ന് സിഗ്‌നൽ ലഭിച്ച കെട്ടിടത്തിന് സമീപത്ത് താമസിച്ചിരുന്ന പ്രദേശവാസി വ്യക്തമാക്കി.