ന്യൂഡൽഹി: വാട്സാപ്പ് ഇന്ത്യയിൽ സേവനം അവസാനിപ്പിക്കുമോ എന്ന വാർത്തകളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്. വാട്ട്സ് ആപ്പ് സേവനങ്ങൾ അവസാനിപ്പിക്കാൻ പദ്ധതിയുള്ളതായി വാട്സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റ സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.
കോൺഗ്രസ് എംപി വിവോ തൻഖയാണ് ഇതുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ചോദ്യമുന്നയിച്ചത്. 2000 ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 69 എ പ്രകാരം സർക്കാർ നിർദേശാനുസരണം ഉപഭോക്തൃ വിവരങ്ങൾ പങ്കുവെക്കണമെന്ന ആവശ്യങ്ങളെ തുടർന്ന് വാട്സാപ്പ് ഇന്ത്യയിൽ സേവനം അവസാനിപ്പിക്കാൻ പദ്ധതിയുണ്ടോ എന്നായിരുന്നു ചോദ്യം.
ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം, പൊതുക്രമം എന്നീ താൽപര്യങ്ങൾ അടിസ്ഥാനമാക്കിയും കമ്പ്യൂട്ടർ റിസോഴ്സിലെ വിവരങ്ങളെ അടിസ്ഥാനമാക്കി മുകളിൽ പറഞ്ഞിരിക്കുന്നവയുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും വേണ്ടിയാണ് സർക്കാർ ഇത്തരം ഉത്തരവുകൾ പുറപ്പെടുവിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

